
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-ന്യൂസീലൻഡ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 മണി വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന റോഡുകളിൽ പാർക്കിങ് നിരോധിക്കുകയും നഗരത്തിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശ്രീകാര്യം-കാര്യവട്ടം വഴി ഒഴിവാക്കി ബൈപാസ് വഴിയോ മറ്റു ബദൽ റോഡുകൾ വഴിയോ തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കാണികൾക്കായി വിവിധ ഇടങ്ങളിൽ പ്രത്യേക പാർക്കിങ് സൗകര്യങ്ങളും അവിടെ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ ഷട്ടിൽ സർവീസുകളും പോലീസ് ഒരുക്കിയിട്ടുണ്ട്.