
കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് സീറ്റിലിരുന്ന് തന്നെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'ചിക്കിങ്ങു'മായി (Chicking) സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ബസിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ പ്രത്യേക വെബ്സൈറ്റ് വഴിയോ യാത്രക്കാർക്ക് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം. ഇങ്ങനെ ഓർഡർ ചെയ്യുന്ന വിഭവങ്ങൾ ബസ് സ്റ്റാൻഡുകളിലോ റൂട്ടിലുള്ള ചിക്കിങ് ഔട്ട്ലെറ്റുകളിലോ എത്തുമ്പോൾ ജീവനക്കാർ നേരിട്ട് യാത്രക്കാരുടെ സീറ്റുകളിൽ എത്തിച്ചു നൽകും. ആദ്യഘട്ടത്തിൽ ബാംഗ്ലൂർ സർവീസ് ഉൾപ്പെടെയുള്ള അഞ്ച് സൂപ്പർക്ലാസ് ബസുകളിലും ബജറ്റ് ടൂറിസം സർവീസുകളിലുമാണ് ഈ സേവനം ലഭ്യമാവുക. വിപണി വിലയേക്കാൾ 25 ശതമാനം വിലക്കുറവിൽ ഭക്ഷണം ലഭിക്കുമെന്നതിനൊപ്പം, വിൽപന വിഹിതത്തിന്റെ അഞ്ച് ശതമാനം കെഎസ്ആർടിസിക്ക് വരുമാനമായി ലഭിക്കുകയും ചെയ്യും.