
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്ന കാര്യത്തിൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ്, ചൊവ്വാഴ്ച പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും ഹാജരാക്കാൻ പോലീസിനോട് നിർദേശിച്ച കോടതി, രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. ഇതോടൊപ്പം തന്നെ കേസിനാസ്പദമായ പരാതി നൽകിയ അതിജീവിതയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തുന്നതിനുള്ള നടപടികളും കോടതി സ്വീകരിക്കും.